ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനം; കേസെടുത്ത് സൈബര്‍ പോലീസ്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനം. സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. അധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍ നിന്നാണ് നഗ്‌നതാ പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നഗ്‌നതാ പ്രദര്‍ശനം ആരംഭിച്ചതോടെ അധ്യാപിക കുട്ടികളോട് ക്ലാസില്‍ നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ അടിയന്തര പി ടി എ യോഗം ചേര്‍ന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിനല്‍കി. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു.

