Naattuvaartha

News Portal Breaking News kerala, kozhikkode,

സോളാര്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. സോളാര്‍ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി വന്നത്. പത്തു ലക്ഷത്തി പതിനായിരം രൂപ ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടം നല്‍കണമെന്നാണ് വിധി. വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്.

സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വി എസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!