NAATTUVAARTHA

NEWS PORTAL

മുങ്ങിയ പ്രതി മരണപ്പെട്ടതായി വക്കീലിന്റെ വാദം ജീവനോടെ പ്രതിയെ പൊക്കി മരണ സര്‍ട്ടിഫിക്കറ്റ് തേടിയെത്തി പൊലീസ്

തിരുവനന്തപുരം:  വിചാരണയ്ക്ക് ഹാജരാകാത്ത പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിന് മുന്നിലേക്കാണ് പ്രതി എത്തിയത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാള്‍ ഹാജരാകാതെയിരിക്കുകയായിരുന്നു. പ്രതി മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ഇത് തെരഞ്ഞ് പോയ പൊലീസ് സംഘത്തിന് മുന്നിലേക്കാണ് പ്രതി അവിചാരിതമായി എത്തിയത്.

2017-ലെ മീന്‍പിടിത്ത സീസണിലുണ്ടായ കൊലപാതക്കേസാണ് സംഭവങ്ങള്‍ക്ക് ആസ്പദമായത്. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററില്‍ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോണ്‍സണ്‍, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സീനു മുഹമ്മദ് തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. സഹപ്രതികള്‍ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാള്‍ വിചാരണക്കും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീല്‍ കോടതിയെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സീനു മുഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!