പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി യുവതി

കൊല്ലം: പ്രധാനമന്ത്രിയുടെ പേരിലുളള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി. സ്ത്രീകളടക്കമുളളവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. നാല്‍പ്പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് യുവതി സാധാരണക്കാരെ പറ്റിച്ച് തട്ടിയെടുത്തത്. പ്രധാനമന്ത്രിയുടെ പേരിലുളള പി എം ഇ ജി പി പദ്ധതിയില്‍ 10 ലക്ഷം രൂപ വരെ വായ്പ കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ചാത്തന്നൂര്‍ സ്വദേശിനി പ്രേമജ പണം തട്ടിയത്.

സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഇരകളായവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. പ്രാരംഭ ചെലവുകള്‍ക്കുള്ള ഫണ്ട് എന്ന പേരിലാണ് പണം വാങ്ങിയത്. തട്ടിപ്പ് മനസ്സിലാക്കി പണം നല്‍കിയവര്‍ പ്രേമജയുടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും പരാതിയുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് പണം നഷ്ടപ്പെട്ടവര്‍. പരാതിയില്‍ പ്രേമജയടക്കം നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും പൊലീസ് അറിയിച്ചു.

