ദിലീപിന്റെ ചോദ്യചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിച്ചു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ 33 മണിക്കൂറാണ് നീണ്ടത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.

ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ ഇടവനക്കാടിനെയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണില്‍ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാസനെ വിളിപ്പിച്ചത്. ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡി ജി പി ശ്രീജിത്തും ഐ ജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് വിധി പറയുക. നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.

