ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍

ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ നാല് പേര്‍ ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിര്‍ന്ന സി പി എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാഹിത്യം, വിദ്യാഭ്യാസം മേഖലയില്‍ യു പിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായി കിട്ടി. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭ ആത്രേയ എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍. മലയാളിയായ ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാന് പുരസ്‌കാരം. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

