ചേളന്നൂരില്‍ മതിലിടിഞ്ഞ് ടിപ്പര്‍ ലോറി മണ്ണിനടിയില്‍ അകപ്പെട്ടു.

ചേളന്നൂര്‍: ചേളന്നൂരില്‍ മതിലിടിഞ്ഞ് ടിപ്പര്‍ ലോറി മണ്ണിനടിയില്‍ അകപ്പെട്ടു. ചേളന്നൂര്‍ നെല്ലൂളി മലയിലായിരുന്നു സംഭവം. ടിപ്പറിനുള്ളില്‍ അകപ്പെട്ട ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടൂളിത്താഴം സ്വദേശി പ്രഭീഷാണ് മണ്ണിനടിയില്‍ അകപ്പെട്ട ടിപ്പറില്‍ കുടുങ്ങിയത്. മാസങ്ങളായി ഇവിടെ വന്‍ തോതില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ടായിരുന്നു. ഏറെ ഉയരത്തില്‍ മണ്ണെടുത്തതിന് സമീപം വീണ്ടും മണ്ണെടുക്കുമ്പോഴാണ് മതില്‍ ഇടിഞ്ഞ് വീണത്. ടിപ്പര്‍ പൂര്‍ണ്ണമായും മണ്ണിനടിയിലാണ്.

നരിക്കുനിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്സ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസും സ്ഥലത്തെത്തി. അനധികൃതമായാണ് കുന്നിടിക്കുന്നതെന്നാണ് സൂചന.
