യു പിയില്‍ താരപ്രചാരകന്‍ ബി ജെ പിയില്‍; കോണ്‍ഗ്രസിന് തിരിച്ചടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എ ഐ സി സി ഭാരവാഹിയുമായ ആര്‍ പി എന്‍ സിങ് കോണ്‍ഗ്രസ് വിട്ടു. രണ്ടാം യു പി എ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നു.

‘ഇന്ന് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയയാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ്ഹിന്ദ്’ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍ പി എന്‍ സിങ് ട്വീറ്റ് ചെയ്തു. ‘ഇതെനിക്ക് പുതിയൊരു തുടക്കമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ദര്‍ശനാത്മക നേതൃത്വത്തിനും മാര്‍ഗനിര്‍ദ്ദേശത്തിനും കീഴില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള എന്റെ സംഭാവനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,” രാജിയ്ക്കു തൊട്ടുപിന്നാലെ സിങ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലുടനീളം സ്വാധീനമുള്ള നേതാവല്ല ആര്‍ പി എന്‍ സിങ്. അദ്ദേഹത്തിന്റെ സ്വാധീനം താന്‍ 2009-ല്‍ പ്രതിനിധീകരിച്ച ഗൊരഖ്പൂരിനോട് ചേര്‍ന്നുള്ള കുശിനഗര്‍ ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. 1996 മുതല്‍ 2009 വരെ അദ്ദേഹം മൂന്നു തവണ പ്രതിനിധീകരിച്ച പദ്രൗണ നിയമസഭാ സീറ്റ് കുശിനഗര്‍ മണ്ഡലത്തിലാണ്. കോണ്‍ഗ്രസിന്റെ പുതിയ തലമുറാ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സിങ്ങിന്റെ പുറത്തുപോകല്‍ കോണ്‍ഗ്രസിനു രാഷ്ട്രീയമായി ദോഷം തന്നെയാണ്. സിങ്ങിനെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാവി കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഒ ബി സി കുര്‍മി വിഭാഗത്തില്‍പ്പെട്ടയാളായ സിങ്ങിനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡിന്റെ ചുതമലയുള്ള എ ഐ സി സി ഭാരവാഹിയായി തിരഞ്ഞെടുത്തിരുന്നു. ഇത് കോണ്‍ഗ്രസ് ഒ ബി സി കേന്ദ്രീകൃത രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
