Naattuvaartha

News Portal Breaking News kerala, kozhikkode,

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു

താമരശ്ശേരി: മലയോരത്തെ സാധാരണക്കാരുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കിടെ മൂന്ന് ഡോക്ടര്‍മാരും ഏഴ് നേഴ്‌സുമാരും ഉള്‍പ്പെടെ മുപ്പോതോളം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഓപ്പറേഷന്‍ തിയേറ്ററിലെയും ലാബര്‍ റൂമിലേയും നേഴ്സുമാരും ഉള്‍പ്പെടും. കാരുണ്യ ഫാര്‍മസിയിലെ മൂന്നുപേര്‍ക്കും മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കും മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്കും പോസിറ്റീവായി. ഡാറ്റാ എന്‍ട്രി, ഡെന്റല്‍ വിഭാഗങ്ങളിലും കോവിഡ് പിടിമുറുക്കിയിട്ടുണ്ട്.

മുപ്പോതോളം ജീവനക്കാര്‍ അവധിയിലായതോടെ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവതാളത്തിലായി. ദിനേനെ 1300 ഓളംരോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. മാസത്തില്‍ 150 ഓളം പ്രസവവും ദിവസേന 58 ഡയാലിസിസും നടക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് രോഗികളെയും ജീവനക്കാരെയും ആശങ്കയിലാക്കുകയാണ്. മുപ്പതോളം കോവിഡ് രോഗികള്‍ ഓരോ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരില്‍ നിന്നാവാം ജീവനക്കാര്‍ക്ക് രോഗം പകര്‍ന്നത്. പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ സുരക്ഷിതമായി വീടുകളിലേക്കോ മറ്റോ മാറ്റുന്നതിലുള്ള വീഴ്ച രോഗ വ്യാപനത്തിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തില്‍.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി അറിയിച്ചു. 24 മണിക്കൂറും ഡോക്ടര്‍ മാരുടെ സേവനം ലഭ്യമാവുന്ന ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വാര്‍ഡ് തലത്തിലുള്ള ആര്‍ ആര്‍ ടി, ആശ വര്‍ക്കര്‍ എന്നിവരുടെ സഹായം തേടണമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!