താമരശ്ശേരി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം രൂക്ഷം

താമരശ്ശേരി: സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം രൂക്ഷം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോലീസ് സേനയില്‍ കോവിഡ് പടരുന്നത് സേനക്കൊപ്പം പൊതു ജനങ്ങളേയും ഭീതിയിലാക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നതിനാല്‍ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയാണ്. താമരശ്ശേരി സബ് ഡിവിഷനിലെ കൊടുവള്ളി, കോടഞ്ചേരി, മുക്കം സ്റ്റേഷനുകളില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊടുവള്ളിയില്‍ ഒന്‍പത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കോടഞ്ചേരിയില്‍ ആറ് പേര്‍ക്ക് പോസിറ്റീവായി. മുക്കത്ത് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നുപേര്‍ പനി ബാധിച്ച് ചികിത്സയിലാണ്. ഇവര്‍ അടുത്ത ദിവസം പരിശോധനക്ക് വിധേയരാവും. കൊടുവള്ളി, കോടഞ്ചേരി സ്റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പൊതു ജനങ്ങള്‍ സ്റ്റേഷനില്‍ എത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പകരുന്നതിനാല്‍ കേസന്വേഷണം ഉള്‍പ്പെടെ അവതാളത്തിലാവുകയാണ്. സമ്പര്‍ക്കത്തിലുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയാല്‍ പല സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം താളം തെറ്റും. അതിനാല്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവര്‍ പലപ്പോഴും നിരീക്ഷണത്തില്‍ പോവാറില്ല. ഇത് രോഗ വ്യാപനത്തിന് കാരണമാവുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

