സിനിമയില്‍ തന്റെ പേര് ഒഴിവാക്കി നിര്‍മാതാവ് വഞ്ചിച്ചെന്ന് സംവിധായകന്‍


കോഴിക്കോട്: സിനിമയില്‍നിന്ന് തന്റെ പേര് ഒഴിവാക്കി നിര്‍മാതാവ് ചതിച്ചെന്ന് സംവിധായകന്‍ ചാലിയാല്‍ രഘു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സോറൊ എന്ന സിനിമായുടെ തിരക്കഥാകൃത്തും സംവിധായകനുമായ തന്റെ പേര് തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും പകരം നിര്‍മാതാക്കളില്‍ ഒരാളായ സുരേഷ് സോപാനത്തിന്റെ പേര് ചേര്‍ക്കുകയും ചെയ്തുവെന്ന് സംവിധായകന്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സംവിധായകനായി ആര്‍ സുരേഷ് എന്ന സുരേഷ് സോപാനത്തിന്റെ പേരാണുള്ളത്. നിര്‍മ്മാതാവുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകിപ്പിച്ചെന്നടക്കമുള്ള ബാലിശമായ ന്യായങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു. 2020 നവംബര്‍ രണ്ടിന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയും 27ന് അവസാനിക്കുകയും ചെയ്തു.

പ്രതിഫലമായി 10,000 രൂപയുടെ ചെക്ക് കൈമാറുകയും ബാക്കി തുക സിനിമ പൂര്‍ത്തീകരിച്ച് നല്‍കാമെന്നുമായിരുന്നു നിര്‍മാതാവ് പറഞ്ഞത്. പണം നല്‍കാതെ നിര്‍മാതാക്കളായ ജിഷ കൊസൈന്‍ ഗ്രൂപ്പും സുരേഷ് സോപാനവും ചതിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ആരോപിച്ചു. അതുകൂടാതെ ജിഷ കൊസൈന്‍ ഗ്രൂപ്പിനെ പ്രൊഡ്യൂസര്‍ സ്ഥാനത്തുനിന്ന് സുരേഷ് സോപാനം നീക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കോടതിയില്‍ പോവുകയും സിനിമയുടെ റിലീസിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു. ഇതെല്ലാം നിലനില്‍ക്കെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുഖേന സിനിമക്ക് എന്‍ ഒ സിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും കിട്ടി. ഇതൊക്കെ എങ്ങനെയാണ് നടന്നതെന്ന് മനസ്സിലാവുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചാലിയാല്‍ രഘു കൂട്ടിച്ചേര്‍ത്തു.


