കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു

തിരുവല്ല: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു. തിരുവല്ല ഇടിഞ്ഞില്ലത്തെ പെട്രോള്‍ പമ്പ് ജീവനക്കാരനായ അഖില്‍രാജിനാണ് മുഖത്ത് കുത്തേറ്റത്. സാരമായി പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി 11.15-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് കുപ്പിയില്‍ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും അതിനാല്‍ പെട്രോള്‍ നല്‍കാനാവില്ലെന്നും ജീവനക്കാര്‍ ഇവരോട് പറഞ്ഞു. ഇതോടെ യുവാക്കള്‍ തട്ടിക്കയറുകയും ജീവനക്കാരെ മര്‍ദിക്കുകയും അഖില്‍രാജിന് മുഖത്ത് കുത്തേല്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് അക്രമികളിലൊരാളെ ജീവനക്കാര്‍ തന്നെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചക്കുളം സ്വദേശി ശ്യാമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ രക്ഷപ്പെട്ട രണ്ടാമത്തെയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സമീപത്തെ സി സി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
