ലോകായുക്ത ഭേദകതിയില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചെന്ന് വി ഡി സതീശന്‍

കൊച്ചി: ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. അധികാരത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത സര്‍ക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിങ് നടത്തി അത് തള്ളാന്‍ സാധിക്കും. ഇതോടെ ലോകായുക്തയ്ക്ക് പരാതി നല്‍കിയാല്‍ കാര്യവുമില്ലെന്ന നിലയിലേക്ക് വരും. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി പി എമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഈ ഓര്‍ഡിനന്‍സെന്നും കേരളത്തിലെ സി പി എം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നല്‍കിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.
