NAATTUVAARTHA

NEWS PORTAL

മധു കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

അട്ടപ്പാടി: മധുവിന്റെ കൊലപാതക കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. 3 പേരുടെ പേരുകള്‍ നല്‍കാന്‍ മധുവിന്റെ അമ്മയോട് നിര്‍ദേശിച്ചിട്ടുണ്ട് അതില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ അമ്മ നിര്‍ദ്ദേശിച്ച ആള്‍ തന്നെയാണ്. കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ഹാജരാകാതിരുന്നത് വലിയ വിവാദമായിരുന്നു. കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ എവിടെയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരാകാതിരുന്നതായിരുന്നു കാരണം.

കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ നിന്നും ഒഴിയാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഡ്വ വിടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. മധു കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 22 ന് നാല് വര്‍ഷം തികയുകയാണ്. 2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് പ്രദേശവാസികളടങ്ങുന്ന ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കേസില്‍ പ്രതികളായ 16 പേരെയും പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!