Naattuvaartha

News Portal Breaking News kerala, kozhikkode,

മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയില്‍

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയില്‍. യുവതിയടക്കം അഞ്ചുപേരടങ്ങുന്ന സംഘമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍ വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിന് സമീപം 80 വയസ്സുകാരിയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.

ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെര്‍നിഷ. ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നു നിരവധി ബൈക്കുകളും സ്‌പെയര്‍ പാര്‍ട്സുകളും കണ്ടെടുത്തു. ഗോവ, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇവര്‍ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!