കുറ്റ്യാടിയില്‍ കുട്ടികളുടെ പാര്‍ക്കില്‍ ലഹരിവില്‍പനയും ആക്രിക്കച്ചവടവും

കുറ്റ്യാടി: റിവര്‍ റോഡില്‍ 12 വര്‍ഷം മുന്‍പ് ആരംഭിച്ച കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. നാടോടികള്‍ ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്നതു പാര്‍ക്കിലാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നിര്‍മാണം ആരംഭിച്ച പാര്‍ക്കില്‍ ഇതിനകം കോടികള്‍ ചെലവഴിച്ചെങ്കിലും പാര്‍ക്കും പരിസരവും കാടുമൂടി. സംരക്ഷണമില്ലാതെ വന്നതോടെ പാര്‍ക്കിലെ ഇരിപ്പിടങ്ങളും ശില്‍പങ്ങളും നശിച്ചു. ഊഞ്ഞാല്‍ ഉള്‍പ്പെടെയുള്ള കളിയുപകരണങ്ങള്‍ തുരുമ്പെടുത്തു. പൂട്ടുകട്ട പാകിയ നടപ്പാതയും തകര്‍ന്നു. പുല്‍ത്തകിടി ഉണങ്ങി പോവുകയും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാവുകയും ചെയ്യുന്നു. മദ്യത്തിന്റെയും ലഹരിമരുന്ന് ലോബികളുടെയും ഇടത്താവളം ആയി മാറിയിരിക്കുകയാണ് പാര്‍ക്കും പരിസരവും.

കെ പി കുഞ്ഞമ്മദുകുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് റിവര്‍ റോഡിലെ പഴയ കളിസ്ഥലം കുട്ടികളുടെ പാര്‍ക്ക് ആക്കി മാറ്റാന്‍ ഫണ്ട് അനുവദിച്ചത്. പുഴയോരം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുകയും സ്ഥലം നികത്തി മനോഹരമാക്കുകയും ചെയ്തു. മാറിവന്ന പഞ്ചായത്ത് ഭരണസമിതികള്‍ ലക്ഷങ്ങള്‍ പിന്നെയും പാര്‍ക്കിനായി ചെലവഴിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പാര്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം തുറന്നിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പെട്ടെന്ന് തന്നെ അടച്ചു പൂട്ടുകയും ചെയ്തു. കോടികള്‍ മുടക്കിയ പാര്‍ക്ക് 12 വര്‍ഷത്തിനിടെ കുട്ടികള്‍ക്കായി തുറന്നു കൊടുത്തത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുരുങ്ങിയ ഫണ്ട് അനുവദിച്ച് എന്തെങ്കിലും നിര്‍മാണ നടപടികള്‍ നടത്തും. പിന്നീട് ആ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കാറില്ല. പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളാണു പാര്‍ക്കിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചെറുപുഴ പാലം മുതല്‍ പാര്‍ക്കു വരെ കഴിഞ്ഞ വര്‍ഷം റോഡ് ടാര്‍ ചെയ്യുകയും പൂട്ടുകട്ട വിരിച്ചു നടപ്പാത മനോഹരമാക്കുകയും ചെയ്തിരുന്നു. ശുചിമുറി കെട്ടിടം, ജനറേറ്റര്‍ റൂം ഉള്‍പ്പെടെ പണിതു. പാര്‍ക്കിലേക്കുള്ള റോഡും പരിസരവും ഇപ്പോള്‍ കാടുമൂടി. ലക്ഷങ്ങള്‍ മുടക്കിയ ജിറാഫിന്റെ ശില്‍പവും നിറം മങ്ങി. പുതിയ കളിയുപകരണങ്ങള്‍ സ്ഥാപിക്കുകയും ഇരിപ്പിടം സജ്ജമാക്കുകയും വെളിച്ച സംവിധാനം ഒരുക്കുകയും ചെയ്താല്‍ പാര്‍ക്കിലേക്കു കുട്ടികളും മുതിര്‍ന്നവരും എത്തും. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാര്‍ക്ക് തുറന്നുകൊടുത്താല്‍ പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനു പുറമേ ഒട്ടേറെപ്പേര്‍ക്കു സ്ഥിരം ജോലിയും ലഭിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്
റിവര്‍ റോഡ് പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി കെ പി കുഞ്ഞമ്മദ്കുട്ടി എം എല്‍ എ മുഖേന മന്ത്രി പി എ മുഹമ്മദ് റിയാസിനു സമര്‍പ്പിച്ചിട്ടുണ്ട്. ചെറുപുഴ പാലം മുതല്‍ വലിയ പാലം വരെ നടപ്പാത ഉള്‍പ്പെടെ പണിത് മനോഹരമാക്കുന്നതിനൊപ്പം പാര്‍ക്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇപ്പോള്‍ തടസ്സം.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി ആലിക്കുട്ടി
മതിയായ ഫണ്ട് അനുവദിച്ച് മുഴുവന്‍ ജോലികളും ഒറ്റയടിക്കു തീര്‍ത്തു പാര്‍ക്ക് പെട്ടെന്നു തുറക്കുകയാണു വേണ്ടത്. മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ അഞ്ചോ, പത്തോ ലക്ഷം രൂപ അനുവദിക്കും. ഫണ്ട് തീരുന്നതോടെ പണി നിര്‍ത്തി വയ്ക്കും. പിന്നെ ഫണ്ട് അനുവദിക്കുക വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്കും നേരത്തെ നിര്‍മിച്ച യന്ത്രങ്ങളും മറ്റും നശിച്ചിട്ടുണ്ടാകും. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പുല്‍ത്തകിടിയുടെ അവശിഷ്ടം പോലും കാണാനില്ല.
വാര്‍ഡ് അംഗം എ സി മജീദ്
പഞ്ചായത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന കുട്ടികളുടെ പാര്‍ക്ക് അടിയന്തരമായി പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കണം. സന്നദ്ധസംഘടനകളെ കണ്ടെത്തി പാര്‍ക്ക് തുറന്നുകൊടുക്കാനുള്ള കാര്യവും പഞ്ചായത്ത് ഗൗരവത്തിലെടുക്കണം.
ഐ എന്‍ ടി യു സി മണ്ഡലം സെക്രട്ടറി എ കെ വിജീഷ്
പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കോടികള്‍ ചെലവഴിച്ച പാര്‍ക്ക് അവഗണിക്കപ്പെട്ടു കിടക്കുമ്പോള്‍ ഇവിടെയുള്ള കുട്ടികള്‍ പുറമേയുള്ള വിനോദസഞ്ചാര സ്ഥലങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്.
