യഥാര്‍ത്ഥ വികസിത രാജ്യമായി ഈ സമൂഹം മാറാന്‍ മതനിരപേക്ഷത അനിവാര്യം: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: യഥാര്‍ത്ഥ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഈ സമൂഹം മാറണമെങ്കില്‍ മതനിരപേക്ഷത അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. അതു തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുത്. സംഭവങ്ങളെ മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. അത് ആശാവഹമല്ല. മത സാഹോദര്യം തകര്‍ക്കാനേ ഇത് വഴി വെക്കൂ. യുവജനങ്ങള്‍ മതനിരപേക്ഷതയുടെ കാവലാളുകളാവണം. കലര്‍പ്പില്ലാത്ത മതസാഹോദര്യം പുലരേണ്ടത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്. ജനാധിപത്യ സമൂഹമെന്ന നിലയില്‍ എന്തു വില കൊടുത്തും നാം ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചേ തീരൂ. ഫെഡറലിസത്തിനും ഊന്നല്‍ നല്‍കുമ്പോഴേ ഈ സങ്കല്‍പ്പം സുന്ദരമാവുകയുള്ളൂ. അത് അര്‍ത്ഥവത്തായ രീതിയില്‍ പ്രായോഗികമാകുമ്പോള്‍ രാജ്യം പുരോഗതിയിലേക്ക് നീങ്ങും.

ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമോ ജനാധിപത്യമോ പൊടുന്നനെ ഒരു ദിവസം ഉണ്ടായതല്ല. കാലങ്ങള്‍ നീണ്ട സഹന സമരങ്ങളിലൂടെയാണ് നാമത് നേടിയത്. ശ്രീ നാരായണ ഗുരുവിനെപ്പോലെയുള്ള മഹാന്മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സ്വാതന്ത്യ സമര ഭടന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചവരുമെല്ലാം ചേര്‍ന്നാണ് ഈ നാടിനെ രൂപപ്പെടുത്തിയത്. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി അവര്‍ സധൈര്യം നിലകൊണ്ടു. മലബാറിന്റെ മണ്ണില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വങ്ങളായ കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, കെ പി കേശവമേനോന്‍, എ വി കുട്ടിമാളു അമ്മ, കെ എ ദാമോദര മേനോന്‍, ഇഎംഎസ്, കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള, എ കെ ജി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

അവരുടെ ഓര്‍മകളെ മനപ്പൂര്‍വ്വം അവഗണിക്കുന്നത് നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയത്തിന് കടകവിരുദ്ധമാണ്. ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി ഇപ്പോഴും നമ്മെ വിടാതെ പിന്‍തുടരുകയാണ്. അതു സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നിന്നും ലോകം ഇനിയും മോചനം നേടിയിട്ടുമില്ല. പല മേഖലകളും തകര്‍ച്ച നേരിടുകയാണ്. നമ്മുടെ സംസ്ഥാനത്തെയും അത് പല രൂപത്തില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെ ഒരുമിച്ച് നമുക്ക് നേരിടാനാകണം. ഐക്യത്തിന്റെയും മാനവികതയുടേയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഭരണഘടനയുടെ സന്ദേശം കെടാതെ സൂക്ഷിക്കുമെന്ന് ഓരോരുത്തര്‍ക്കും പ്രതിജ്ഞ ചെയ്യാമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിച്ചത്. മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സിലെയും റൂറല്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പരേഡില്‍ അണി നിരന്നത്. സിറ്റി ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ജയചന്ദ്രന്‍ പിള്ളയായിരുന്നു പരേഡ് കമാന്റര്‍. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ സെക്കന്റ് കമാന്റര്‍ ആയിരുന്നു.
എം കെ രാഘവന്‍ എം പി, എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ എം സച്ചിന്‍ ദേവ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവിമാരായ എ വി ജോര്‍ജ്ജ്, ഡോ. എ ശ്രീനിവാസ്, സബ് കലക്ടര്‍ വി ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ മുകുന്ദ് കുമാര്‍, വിവിധ വകുപ്പ് മേധാവിമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
