മര്‍കസ് നോളജ് സിറ്റിയില്‍ മൂന്ന് ദിവസത്തെ സൗജന്യ മള്‍ട്ടി സെപെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു


കൈതപ്പൊയില്‍: കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ മൂന്ന് ദിവസത്തെ സൗജന്യ മള്‍ട്ടി സെപെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മള്‍ട്ടി സ്‌പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. യുനാനി, അലോപ്പതി, നാച്ചുറോപ്പതി എന്നീ മൂന്ന് വിഭാഗങ്ങളിലേയും ഡോക്ടര്‍മാരുടെയ സേവനം ക്യാമ്പില്‍ ലഭ്യമാണ്. പരിശോധനയും മരുന്നുകളും ലാബ് ടെസ്റ്റുകളും വിവിധ തെറാപ്പികളും സൗജന്യമാണ്.

ജനറല്‍ വിഭാഗത്തില്‍ ഹൃദ്രോഗം, കിഡ്‌നി, ന്യൂറോ, വാതം തുടങ്ങിയവയുടെയും, സര്‍ജറി വിഭാഗത്തില്‍ സന്ധി, അസ്ഥി, വൃണം, മുഴ, ഉദര രോഗം തുടങ്ങിയവയുടെയും ചികിത്സ ലഭ്യമാണ്. കൂടാതെ ഇ എന്‍ ടി, സ്ത്രീ സംബന്ധ രോഗങ്ങള്‍, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്സിമ, പുരുഷലൈംഗിക രോഗങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങള്‍, മാനസിക രോഗങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, തുടങ്ങിയവയ്ക്കും സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. എല്ലാ വിഭാഗം മെഡിക്കല്‍ ശാഖയും ഒരു കുടക്കീഴിലാക്കിയുള്ള ക്യാമ്പ് സാധാരക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

നാച്ചുറോപതി മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രോഗങ്ങള്‍ക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളിലേയും ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് ഉചിതമായ ചികിത്സ നടത്തുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് മൂന്ന് ദിവസത്തെ സൗജന്യ കിടത്തി ചികിത്സ നല്‍കുമെന്നും യുനാനി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്‌മാന്‍ പറഞ്ഞു. മൂവായിരത്തോളം ആളുകളാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് മൂന്ന് ദിവസങ്ങളിലായാണ് ചികിത്സ നല്‍കുക. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

