നാദാപുരത്ത് തോട്ടില്‍ മുങ്ങിപോയ കുട്ടിയെ രക്ഷിച്ച മയൂഖയുടെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

കോഴിക്കോട്: നാദാപുരം ചെക്യാട് ഗ്രാമത്തിലെ ഒന്‍പതു വയസ്സുകാരി വി മയൂഖയ്ക്ക് ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം. 3 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച ധീരതയ്ക്കാണ് രാഷ്ട്രപതിയുടെ ഉത്തം ജീവന്‍രക്ഷാ പുരസ്‌കാരം മയൂഖയെ തേടിയെത്തിയിരിക്കുന്നത്. വേങ്ങോല്‍ മനോജിന്റെയും പ്രേമയുടെയും മകളായ മയൂഖ ചെക്യാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 3ന് ആണ് മയൂഖ തോട്ടില്‍വീണ മൂന്ന് വയസ്സുകാരന്‍ മുഹമ്മദിനെ രക്ഷപ്പെടുത്തിയത്.

വേങ്ങോല്‍ മൂസയുടെയും സക്കീനയുടെയും മകന്‍ മുഹമ്മദ് ചെക്യാട് ചെറുവത്താഴത്തോട്ടിലാണ് വീണത്. വീടിനു സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരര്‍ക്കൊപ്പം പോയതായിരുന്നു മുഹമ്മദ്. തോട്ടിലേക്ക് വീണ് ഒഴുകിപ്പോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മയൂഖ നീന്തിയെത്തി വെള്ളത്തില്‍ മുങ്ങികൊണ്ടിരുന്ന കുട്ടിയെ സാഹസികമായി പുറത്തെത്തിച്ചു. ഇതിനിടെ കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മയൂഖയെത്തേടി രാഷ്ട്രപതിയുടെ പുരസ്‌കാരവും തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും.

