അവസാനം വരെ ശത്രുക്കളോടു പൊരുതി വീരമൃത്യു വരിച്ച ശ്രീജിത്തിന് ശൗര്യചക്ര പുരസ്‌കാരം

കോഴിക്കോട്: കാശ്മീരിലെ മണ്ണില്‍ അവസാനനിമിഷം വരെ ശത്രുക്കളോടു പൊരുതിയ തങ്ങളുടെ പ്രിയപ്പെട്ട എം ശ്രീജിത്തിനു ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം ലഭിച്ചതിന്റെ അഭിമാന നിറവിലാണ് ശ്രീജിത്തിന്റെ കുടുംബവും ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂര്‍ നിവാസികളും. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച സ്മാരകം ഇന്നു നാടിനു സമര്‍പ്പിക്കുന്ന ചടങ്ങു നടക്കാനിരിക്കെയാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് ആണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ തീവ്രവാദികളുടെ വെടിയേറ്റു നയ്ബ് സുബൈദാര്‍ എം ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

ജൂണ്‍ 29ന് നുഴഞ്ഞുകയറ്റ ശ്രമം നടന്നതായി സൈന്യം തിരിച്ചറിഞ്ഞെങ്കിലും തീവ്രവാദികളെ ജൂലൈ എട്ടിനാണ് കണ്ടെത്തിയത്. ഇവരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശ്രീജിത്തിനു വെടിയേറ്റത്. പൂക്കാട് തൂവപ്പാറ റോഡിലെ വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ശ്രീജിത്ത് ഉറങ്ങുന്ന മണ്ണില്‍ ആ ഓര്‍മകള്‍ നിലനിര്‍ത്താനായി കുടുംബാംഗങ്ങളാണ് സ്മൃതിമണ്ഡപം നിര്‍മിച്ചത്. ഈ സ്മൃതിമണ്ഡപത്തിന്റെ സമര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെ 9ന് എന്‍ സി സി ജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ ഗോവിന്ദ് നിര്‍വ്വഹിക്കും. കാലിക്കറ്റ് സൈനിക കൂട്ടായ്മയും ചേമഞ്ചേരി ശ്രീജിത്ത് അനുസ്മരണ സമിതിയും ചേര്‍ന്നാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

