ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ് ഉള്‍പ്പെട്ട പ്രതികളുടെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി 3 ദിവസം ദിലീപ്, സഹോദരന്‍ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇന്ന് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും, ഫോണ്‍ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നല്‍കി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ല. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയില്‍ നല്‍കാമെന്നും ദിലീപ് വ്യക്തമാക്കി. ഫോണ്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നല്‍കാന്‍ ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
