നാഗചൈതന്യ-സാമന്ത വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന

കഴിഞ്ഞ വര്‍ഷം ആരാധകരെ ഏറ്റവും അധികം ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല.

ഇപ്പോളിതാ നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുന നാഗചൈതന്യ-സാമന്ത വേര്‍പിരിയലിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന മകന്റേയും സാമന്തയുടേയും വേര്‍പിരിയലിനെ കുറിച്ച് ആദ്യമായി പറയുന്നത്. വിവാഹമോചനത്തിനുള്ള നോട്ടീസ് ആദ്യം അയച്ചത് സാമന്തയാണെന്ന് നാഗാര്‍ജുന പറഞ്ഞതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 2021 പുതുവത്സരത്തിനു ശേഷമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും നാഗാര്‍ജുന പറയുന്നു.

2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ഇതുസംബന്ധിച്ച നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം വിവാഹമോചനത്തിന് അപേക്ഷിച്ചത് സാമന്തയാണെന്ന് നാഗാര്‍ജുന പറയുന്നു. സാമന്തയുടെ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് നാഗചൈതന്യ സ്വീകരിച്ചത്. എന്നാല്‍, മകന്‍ തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചുമാണ് കൂടുതല്‍ ആശങ്കപ്പെട്ടത്.
താന്‍ ആശങ്കപ്പെടുമെന്ന് കരുതി തന്നെ സമാധാനിപ്പിക്കുകയായിരുന്നു നാഗചൈതന്യ. വിവാഹ ശേഷം നാല് വര്‍ഷം ഒന്നിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. വളരെ അടുത്ത ബന്ധമായിരുന്നു രണ്ടുപേരും തമ്മില്‍ ഉണ്ടായിരുന്നത്. എന്താണ് വേര്‍പിരിയലിലേക്ക് നയിച്ച കാരണമെന്ന് തനിക്കറിയില്ല. 2021 പുതുവര്‍ഷം പോലും ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. ഇതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് കരുതുന്നതെന്നും നാഗാര്‍ജുന പറയുന്നു.
2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ സംഭവിച്ചതെന്തായാലും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നായിരുന്നു വേര്‍പിരിയലിന് പിന്നാലെ നാഗാര്‍ജുന പ്രതികരിച്ചത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിലുള്ള കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. ഇരുവരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സാമന്തയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ എന്നും മധുരമുള്ള ഓര്‍മകളായിരിക്കും. സാം തങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കും. ഇരുവര്‍ക്കും ദൈവം കരുത്ത് നല്‍കട്ടെ. എന്നായിരുന്നു നാഗാര്‍ജുന പ്രതികരിച്ചിരുന്നു.
