നടിയെ ആക്രമിച്ച കേസില്‍ വിവിധ ഹര്‍ജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിവിധ ഹര്‍ജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ പക്കല്‍ ഉണ്ടെന്നും അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമുള്ള ദിലീപിന്റെ ഹര്‍ജിയാണ് അതിലൊന്ന്.

ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ദിലീപിന്റെ പ്രധാന വാദം. അതേസമയം ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയാണ് വിചാരണ കോടതി പരിഗണിക്കുന്ന മറ്റൊരു ഹര്‍ജി. വധഭീഷണി കേസിന്റെ തുടരന്വേഷണത്തില്‍ ഇത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

വധഭീഷണി കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും ഇന്ന് കോടതി പരിഗണിച്ചേക്കും. ഇതിനിടെ കേസില്‍ ഹൈക്കോടതി അനുവദിച്ച പുതിയ അഞ്ച് സാക്ഷികളില്‍ രണ്ട് പേരുടെ വിസ്താരം കൂടി ഇന്ന് നടക്കും. ഇതോടെ മൂന്ന് പേരുടെ വിസ്താരം പൂര്‍ത്തിയാകും. ആകെ 20 ദിവസമാണ് പുതിയ സാക്ഷികളുടെ വിസ്താരത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്.
