Naattuvaartha

News Portal Breaking News kerala, kozhikkode,

തന്റെ സ്വകാര്യ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കാനാവില്ലെന്ന് നടന്‍ ദിലീപ്

Actor Dileep

കൊച്ചി: തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങളടക്കം ഫോണിലുള്ളതിനാല്‍ തന്റെ സ്വകാര്യ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കാനാവില്ലെന്ന് നടന്‍ ദിലീപ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ അന്വേഷണ സംഘം ശ്രമിയ്ക്കുന്നു എന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തിയത്. കേസില്‍ നാളെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്താന്‍ കോടതി തീരുമാനിച്ചു.

മുന്‍ ഭാര്യയുമായുള്ള സംഭാഷണമടക്കം അന്വേഷണസംഘത്തിന് കിട്ടിയാല്‍, അത് അവര്‍ ദുരുപയോഗം ചെയ്യും. പൊലീസ് സംഭാഷണം പുറത്തുവിട്ടാല്‍ തനിക്ക് അത് ദോഷം ചെയ്യും. കയ്യില്‍ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കില്‍ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും ദിലീപ് കോടതിയില്‍ ആരോപിച്ചു.

ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ എതിര്‍ വാദത്തിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ല ദിലീപ് വാദിച്ചു.

നിങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമില്ലേ എന്ന് ഒരു ഘട്ടത്തില്‍ ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ആര്‍ക്കാണ് ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി രജിസ്ട്രിയില്‍ ഈ ഫോണ്‍ എന്തുകൊണ്ട് നല്‍കുന്നില്ല. മറ്റൊരാള്‍ക്ക് ഫോണ്‍ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങള്‍ എടുത്തത് വലിയ റിസ്‌കല്ലേ എന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഫോണുകള്‍ ഹാജരാക്കാനാവില്ലെന്ന് നിലപാട് എടുത്തതോടെയാണ് പ്രോസിക്യൂഷന്‍ ഉപഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!