പേരിനൊപ്പം ഭായ് എന്ന് ചേര്‍ത്ത് വിളിച്ചില്ല; 20 വയസ്സുകാരനെ മര്‍ദ്ദിച്ച് യുവാവും സംഘവും

പൂനെ: പേരിനൊപ്പം ഭായ് എന്ന് ചേര്‍ത്ത് വിളിക്കാത്തതില്‍ പ്രകോപിതനായി 20 കാരനെ മര്‍ദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്‌കറ്റ് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിന്‍ച്വാദില്‍ ചൊവ്വാഴ്ചയാണ് ഈ ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മര്‍ദ്ദിച്ചത്.

ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാള്‍ ബെല്‍റ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവര്‍ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്നതോടൊപ്പം ഇവര്‍ ബിസ്‌കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

