വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജുവാണ്(24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. 2011 ലാണ് സംഭവം നടക്കുന്നത്.

ജസ്റ്റിസ് എസ് ജി പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമാനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബസവരാജുവിന് ഇന്‍ഷുറന്‍സ് കമ്പനി 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി ഇടിക്കുകയായിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുള്‍പ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ടു. എന്നാല്‍, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയര്‍ത്തുകയായിരുന്നു.
പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും സാധാരണ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയതെന്നും കോടതി വ്യക്തമാക്കി.
