ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവ് പിടിയില്‍

മലപ്പുറം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് മലപ്പുറത്ത് പിടിയില്‍. പുല്‍വെട്ട സ്വദേശി മുത്തു ദാസിനെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായ കരുവാരകുണ്ട്, മേലാറ്റൂര്‍ എന്നീ മേഖലകളില്‍ പോലീസ് മുഴുവന്‍ അമ്പലക്കമ്മറ്റികളുടെയും യോഗം വിളിച്ച് ഭണ്ഡാരത്തില്‍ നിന്ന് നിത്യേന കാണിക്ക എടുക്കുന്നതിനും പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ രാത്രി കാല കാവലിന് വേണ്ട സഹായവും പോലീസ് നല്‍കിയിരുന്നു.

അന്വേഷണത്തിനിടെയാണ് പെരിന്തല്‍മണ്ണ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി അമ്പലങ്ങള്‍ കുത്തിത്തുറക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജും സംഘവും കണ്ടെടുത്തു. എസ് ഐ അബ്ദുള്‍ നാസര്‍, എ എസ് ഐ പ്രദീപ് പി, സി പി ഒ മാരായ കൃഷ്ണകുമാര്‍ എന്‍ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്ത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

