ഔദ്യോഗിക വിവരം ചോര്‍ത്തിയ സംഭവം; പൊലീസുകാരനോട് വിശദീകരണം തേടും

ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനോട് വിശദീകരണം തേടാന്‍ തീരുമാനം. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന അനസ് പി കെയാണ് പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത്. അനസ് ആര്‍ എസ് എസ് നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇടുക്കി നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി എല്‍ ജി ലാല്‍ ആണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അനസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനമായി. തൊടുപുഴയിലെ 150 ഓളം ആര്‍ എസ് എസ്. ബി ജെ പി പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ അനസ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായ വിശദീകരണം ഈ ഉദ്യോഗസ്ഥന്‍ നല്‍കാതിരുന്നാല്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.

