പുത്തൂര്‍ സ്റ്റേഡിയത്തില്‍ കെട്ടിട നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു


വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂര്‍ സ്റ്റേഡിയത്തില്‍ പുത്തൂര്‍ ഗവ. എച്ച് എസ് എസിന് കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തില്‍ ഭാവി സമര പരിപാടികള്‍ക്ക് രൂപം നല്‍കും. 3 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബഹുനില കെട്ടിടം പണിയാനാണ് പദ്ധതി. സ്റ്റേഡിയങ്ങളില്‍ മറ്റ് നിര്‍മാണം പാടില്ലെന്ന സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് കെട്ടിടം നിര്‍മിക്കാനുള്ള നീക്കം.

ഇതിന് എതിരെ വിവിധ കലാ കായിക സാംസ്‌കാരിക സംഘടനകളും കായിക താരങ്ങളും രംഗത്ത് എത്തി. സ്‌കൂളിനും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിനും സ്വന്തമായി സ്ഥലം ഉണ്ടെന്നിരിക്കെ നഗരസഭ വന്‍ തുക ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് കായികതാരങ്ങള്‍ ആരോപിച്ചു. വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ 3 കെട്ടിടങ്ങള്‍ കാടു മൂടി കിടക്കുകയാണെന്നും വിദ്യാഭ്യാസവകുപ്പിന്റെ ഈ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് ആവശ്യം.


