ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 50 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 50 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്ചട്ടിപ്പറമ്പ് ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ ചോനേരി മഠത്തില്‍ മുഹമ്മദാലി(36) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയായ താഴേക്കോട് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മുഹമ്മദലിയുടെ ആണ് ആംബുലന്‍സ്. ഇയാള്‍ തന്നെ ആണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. ആംബുലന്‍സിന്റെ പുറകിലെ സീറ്റില്‍ മൂന്നുപേരില്‍ ഒരാള്‍ ഇപ്പോഴും കിടക്കും. രോഗി ആണെന്ന് കരുതി പരിശോധനകളില്‍ നിന്നും ഒഴിവാക്കി വിടുകയും ചെയ്യും. വാഹനം പിടിക്കുമ്പോഴും ഒരാള് പുറകില്‍ കിടക്കുക ആയിരുന്നു. കബോര്‍ഡ് പെട്ടികളില്‍ 25 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചരുന്നത്. രണ്ട് കിലോയോളം കഞ്ചാവ് ഓരോ പാക്കറ്റുകളിലും ഉണ്ടായിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികള്‍ കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പോലീസ്-എക്‌സൈസ് അതികൃതരുടെ പരിശോധനകള്‍ ഒഴിവാക്കാനാണ് കഞ്ചാവ് കടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

കഞ്ചാവിന്റെ ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും ഡി വൈ എസ് പി. എം സന്തോഷ് കുമാര്‍ അറിയിച്ചു. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, സി പി സന്തോഷ്, പ്രശാന്ത്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, അഭിലാഷ്, ആസിഫ് അലി, ജിയോ ജേക്കബ്, സക്കീര്‍ കുരിക്കള്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഫൈസല്‍, ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീര്‍, കബീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
