വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാലയിലെ ജീവനക്കാരി പിടിയില്‍

കോട്ടയം: വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാലയിലെ ജീവനക്കാരി പിടിയില്‍. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ നിന്നും കൈപ്പറ്റിയപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

