ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്


രാജസ്ഥാന്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ ഈ മാസം 26 നായിരുന്നു സംഭവം നടന്നത്. 25കാരനായ രാകേഷ് മേഘ്വാളാണ് ആക്രമണത്തിനിരയായത്. 26ന് രാത്രി ഉമേഷ് ജാട്ട് എന്നയാള്‍ രാകേഷിന്റെ വീട്ടിലെത്തി രാകേഷിനോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതിന് തയ്യാറാവാതിരുന്ന രാകേഷിനെ ഉമേഷും ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.

ശേഷം പ്രതികള്‍ എല്ലാവരും കുപ്പിയില്‍ മൂത്രമൊഴിച്ചു ഈ മൂത്രം രാകേഷിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. രാകേഷിനെ ജാതിപ്പേര് വിളിച്ച് പ്രതികള്‍ അവഹേളിക്കുകയും ചെയ്തു. ‘എല്ലാവരും ചേര്‍ന്ന് എന്നെ അര മണിക്കൂറോളം തല്ലി. ശരീരം മുഴുവന്‍ മുറിഞ്ഞു. മരിച്ചെന്ന് കരുതി അവര്‍ എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. എന്റെ മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുത്തു.’- രാകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.


