ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8, വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരമാണ് അറസ്റ്റ്.

ബംഗളൂരുവില്‍ നിന്നും പെണ്‍കുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെന്ന് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ പെണ്‍കുട്ടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.

