പ്രിന്‍സിപ്പല്‍മാരില്ലാത്തത് 54 കോളജുകള്‍ക്ക്: പ്രിന്‍സിപ്പല്‍ നിയമനം യു.ജി.സി മാനദണ്ഡപ്രകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 2018ലെ യു.ജി.സി റെഗുലേഷന് പ്രകാരം യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നു. യു.ജി.സി റെഗുലേഷന് പകരം സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി പ്രിന്‍സിപ്പല്‍ നിയമനം നടത്താന്‍ ഇടത് അധ്യാപക സംഘടനയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

ഇത് നിയമക്കുരുക്കിലേക്ക് പോകുമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്ക് വിരുദ്ധമാകുമെന്നും കണ്ടാണ് യു.ജി.സി നിശ്ചയിച്ച യോഗ്യത പ്രകാരം നിയമനത്തിന് തീരുമാനമായത്. യു.ജി.സി മാനദണ്ഡ പ്രകാരം നിയമനത്തിന് മുമ്ബ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് നടപടി പലതവണ നിര്‍ത്തിവെച്ചു. ഇതോടെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം മുടങ്ങി. 54 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

യു.ജി.സി മാനദണ്ഡപ്രകാരം സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ച് പ്രിന്‍സിപ്പല്‍ നിയമനം നടത്തുന്നതിന് യോഗ്യരായ സര്‍ക്കാര്‍ കോളജ് അധ്യാപകരില്‍നിന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 15 വര്‍ഷത്തില്‍ കുറയാത്ത സര്‍വിസും യു.ജി.സി യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പുറമെ യു.ജി.സി അംഗീകൃത ജേണലുകളില്‍ പത്ത് ഗവേഷണ രചന പ്രസിദ്ധീകരിക്കുകയും 110ല്‍ കുറയാതെ റിസര്‍ച് സ്കോര്‍ നേടിയിരിക്കുകയും വേണം. നേരത്തെ പിഎച്ച്.ഡിയും സീനിയോറിറ്റിയും മാത്രം നോക്കി നിയമനം നടത്താനായിരുന്നു സര്‍ക്കാര്‍ നീക്കം.
നിലവില്‍ സര്‍ക്കാര്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എന്നാല്‍ യു.ജി.സി റെഗുലേഷന് പ്രകാരം എയ്ഡഡ് കോളജുകളിലും സര്‍വകലാശാലകളിലും സമാന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. എയ്ഡഡ്, സര്‍വകലാശാല സര്‍വിസിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലേക്ക് കയറാനുള്ള കുറുക്കുവഴിയായി ഇത് മാറുമെന്നാണ് വിമര്‍ശനം.
പ്രിന്‍സിപ്പല്‍ നിയമനം പ്രഫസര്‍ ഗ്രേഡിലാണ്. അഞ്ചുവര്‍ഷമാണ് കാലാവധി. തസ്തികയിലെ പ്രകടനത്തെ സര്‍വകലാശാലതല സമിതി വിലയിരുത്തി അഞ്ചുവര്‍ഷം കൂടി തുടര്‍ച്ച നല്‍കാനും വ്യവസ്ഥയുണ്ട്. പ്രിന്‍സിപ്പല്‍ പദവി ഒഴിയുന്നവരെ മുന്‍ പഠന വകുപ്പില്‍ പ്രഫസര്‍ പദവിയില്‍ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
