നെല്ലറയുടെ വികസന കാഴ്ചകളുമായി പ്രദര്‍ശന വാഹന പര്യടനം യാത്ര ആരംഭിച്ചു


പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാറിന്റെ ജനോപകരപ്രദമായ ധനസഹായ പദ്ധതികൾ, വികസനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോകൾ, പോസ്റ്ററുകൾ, മൂവിംഗ് പോസ്റ്ററുകൾ എന്നിവ ഉൾക്കൊള്ളിച്ച് ‘നെല്ലറയുടെ വികസന കാഴ്ചകള് ‘ പ്രദർശന വാഹന പര്യടനത്തിന് ജില്ലയിൽ തുടക്കമായി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച വാഹന പര്യടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഫ്‌ളാഗ് ഓഫ് ചെയ്തു. അഞ്ച് വര്‍ഷക്കാലയളവിലും ശേഷവും ജില്ലയില്‍ നടപ്പാക്കിയ ജനോപകരപ്രദമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍, വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന ധനസഹായ പദ്ധതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 10 ഓളം പോസ്റ്ററുകള്‍, 80 ഓളം മൂവിംഗ് പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശന വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 28 മുതല്‍ ഫെബ്രുവരി ഏട്ട് വരെ ഞായറാഴ്ചകളില്‍ ഒഴികെ ഒരു ദിവസം 10 കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍ 10 ദിവസം 100 കേന്ദ്രങ്ങളിലാവും പ്രദര്‍ശന വാഹനമെത്തുക. ആദ്യ ദിനം ജനുവരി 28 ന് രാവിലെ 10.30 നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9.30 നുമാണ് പര്യടനം ആരംഭിക്കുക.
കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, കെ.വി ശ്രീകാന്ത്, എ.മുരളീധരന്‍, എം.ജയപ്രകാശ്, ആര്‍.രമ്യ, പി.എസ് സൗമ്യ എന്നിവര്‍ സംബന്ധിച്ചു.

