കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ 3.03 കോടി യുവാക്കള്‍ക്ക് ജോലിയില്ല. തൊഴിലില്ലായ്മ നിരക്ക് ലോക്ക്ഡൗണ്‍ കാലയളവിനേക്കാള്‍ കൂടുതലാണെന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം 1.26 കോടിയായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

”എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാവുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു അഹങ്കാരി ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്” രാഹുല്‍ ട്വീറ്റ് ചെയ്തു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ എന്‍ ടി പി സി സ്റ്റേജ് 1 പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.

ബീഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആശങ്കകളും സംശയങ്ങളും പരിശോധിക്കാന്‍ റെയില്‍വേ മന്ത്രാലയം ഉന്നതാധികാര സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കകള്‍ സമര്‍പ്പിക്കാന്‍ ഫെബ്രുവരി 16 വരെ മൂന്നാഴ്ച സമയം നല്‍കി. ഈ ആശങ്കകള്‍ പരിശോധിച്ച ശേഷം സമിതി മാര്‍ച്ച് 4 നകം ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
