ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സ്ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി.

സംഭവം ബെംഗളൂരുവിലും കര്‍ണാടകയിലെ മറ്റ് ഭാഗങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ജനുവരി 24 ന് ഭിന്നശേഷിക്കാരി യുവതി പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതില്‍ ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. തുടര്‍ന്ന് യുവതിയെ റോഡിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ച് ചവിട്ടി. യുവതിയോട് അസഭ്യം പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.

