ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ പിന്തുടര്‍ന്ന് മര്‍ദിച്ചെന്ന സംഭവം; സഹോദരങ്ങള്‍ ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് മര്‍ദിച്ചെന്ന സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പെടെ നാലുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലക്കാരായ ശെഫീഖ്, സഹോദരന്‍ ശെമീര്‍, ലാലു, മധു എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെ നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം.

ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും പ്രതികളെത്തിയ ഓടോറിക്ഷയും തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഇരുവിഭാഗവും അവിടെ വച്ച് വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരേയും പറഞ്ഞുവിട്ടു. എന്നാല്‍ പ്രതികള്‍ ഓടോറിക്ഷയില്‍ ആളൊഴിഞ്ഞയിടത്ത് കാത്തുനിന്നു. ബൈകിലെത്തിയ ദമ്പതികളെ തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

മുഖത്തും കൈയ്ക്കും ഇരുവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ദമ്പതികളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നതായും ഇവരുടെ ഓടോറിക്ഷ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.
