Naattuvaartha

News Portal Breaking News kerala, kozhikkode,

മണിപ്പൂരില്‍ സീറ്റ് പ്രഖ്യാപനം കഴിഞ്ഞതോടെ ബി ജെ പിയില്‍ അടിക്ക് തുടക്കം കുറിച്ചു

ഗുവാഹത്തി: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഭരണകക്ഷിയായ ബി ജെ പിയില്‍ തുടക്കം കുറിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെയും കോലം കത്തിക്കുകയും നേതാക്കള്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുകയും ചെയ്തു. പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലെയും ബി ജെ പി ഓഫീസുകള്‍ പ്രവര്‍ത്തകര്‍ തന്നെ അടിച്ചു തകര്‍ത്തു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇംഫാലില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന് മുമ്പില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ രാജി

ആരുമായും സഖ്യത്തിനില്ലെന്നും മുഴുവന്‍ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും അറിയിച്ച് ആകെയുള്ള 60 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കള്‍ രാജിവെച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് കൂറുമാറി എത്തിയ എം എല്‍ എമാര്‍ക്ക് സീറ്റ് നല്‍കിയതോടെ അസംതൃപ്തരായ ബി ജെ പി നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി 21 സീറ്റുകളാണ് നേടിയത്. പക്ഷേ ചെറു പാര്‍ട്ടികളുടെയും സ്വതന്ത്ര എം എല്‍ എമാരുടെയും പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു. അന്ന് ഭരണത്തിലേറാന്‍ ബി ജെ പിയെ സഹായിച്ച മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള എം എല്‍ എമാരില്‍ 19 പേര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചു. രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന 16 എം എല്‍ എമാരില്‍ പത്ത് പേര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച് ബി ജെ പിയിലെത്തിയ നിലവിലെ മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിംഗ് തന്റെ പരമ്പരാഗത മണ്ഡലമായ ഹെയിന്‍ഗാംഗില്‍ നിന്ന് വീണ്ടും മത്സരിക്കും. കോണ്‍ഗ്രസ്സ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതിന് ചുക്കാന്‍ പിടിച്ച മന്ത്രി ബിശ്വജിത്ത് സിംഗ് തോംഗ്ജു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ ദേശീയ ഫുട്ബോള്‍ താരം സോമതായ് സെയ്സക്കും ബി ജെ പി സീറ്റ് നല്‍കി. ഉക്രുല്‍ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുക.

മൂന്ന് വനിത സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഒരു മുസ്ലിം സ്ഥാനാര്‍ഥിയും

സ്ഥാനാര്‍ഥി പട്ടികയില്‍ കേവലം മൂന്ന് വനിതകള്‍ മാത്രമാണ് ഇടം പിടിച്ചത്. കാംഗ്പോക്പി, ചന്‍ഡെല്‍, നവോരിയപഖംഗ്ലാക്പ സീറ്റുകളിലാണ് വനിതകള്‍ ജനവിധി തേടുക. ഒരു മുസ്ലിം സ്ഥാനാര്‍ഥിയുമുണ്ട്. വിരമിച്ച മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. ഇടതു പാര്‍ട്ടികളായ സി പി എം, സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയവരുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനതാദളിന്റെ പിന്തുണയും കോണ്‍ഗ്രസ്സിനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അസമില്‍ സ്വീകരിച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മതേതര കക്ഷികളുമായുള്ള കോണ്‍ഗ്രസ്സ് സഖ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!