നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 11 വരെ നീട്ടി

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാലികള്‍ക്കുള്ള വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഫെബ്രുവരി 11 വരെ വിലക്ക് തുടരും. പൊതുറാലികളില്‍ പരമാവധി 1000 പേര്‍ക്കും ഇന്‍ഡോര്‍ യോഗങ്ങളില്‍ 500 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. നേതാക്കളുടെ ഗൃഹസന്ദര്‍ശന പ്രചാരണത്തിന് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. റാലികള്‍ നീട്ടുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. റോഡ് ഷോ, ബൈക്ക്-സൈക്കിള്‍ റാലി എന്നിവയുടെ വിലക്കും ഫെബ്രുവരി 11 വരെ നീട്ടിയിട്ടുണ്ട്. പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ട് ഡോസ് വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായി.

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. നിലവില്‍ കൊവിഡിന് നേരിയ കുറവ് സംസ്ഥാനങ്ങളിലുണ്ടായിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മൂലം കൊവിഡ് വ്യാപനം കൂടാതിരിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

