Naattuvaartha

News Portal Breaking News kerala, kozhikkode,

ബജറ്റില്‍ ക്രിപ്റ്റോകറന്‍സിയെ അസറ്റ് ക്ലാസായി പരിഗണിക്കണം

സാമ്പത്തിക വളര്‍ച്ചയും സാങ്കേതിക വിദ്യയുടെ വികാസവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ബജറ്റാകും ഇത്തവണ പ്രഖ്യാപിക്കപ്പെടുക എന്ന വിശ്വാസമാണ് നിക്ഷേപകര്‍ക്കുള്ളത്. ക്രിപ്റ്റോ കറന്‍സിയെ അസറ്റ് ക്ലാസായി പരിഗണിക്കണമെന്ന ആവശ്യമാണ് നിക്ഷേപകര്‍ മുന്നോട്ടുവെക്കുന്നത്. ഓഹരി വിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ പരിഗണിക്കുമ്പോള്‍ അതേ പ്രാധാന്യത്തോടെ സര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സിയേയും പരിഗണിക്കണമെന്ന ആഗ്രഹമാണ് ഈ രംഗത്തെ നിക്ഷേപകര്‍ക്കെല്ലാമുള്ളത്. ക്രിപ്റ്റോ റെഗുലേറ്ററി നിയമങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പ്രശ്നങ്ങളും ആഴത്തില്‍ വിശകലനം ചെയ്ത് നയപ്രഖ്യാപനം നടത്തണം, അതിനൊപ്പം തന്നെ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നതാണ് ഇവരുടെ ആവശ്യം.

ആദായ നികുതി വകുപ്പ് നിയമങ്ങള്‍ അനുസരിച്ച് തന്നെ ക്രിപ്റ്റോ കറന്‍സികള്‍ക്കും നികുതി ചുമത്തണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ക്രിപ്റ്റോയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യതയെ സര്‍ക്കാര്‍ മനസിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ ആവശ്യം. ക്രിപ്റ്റോ വിപണിയെ ഓഹരി വിപണിയെപ്പോലെ പരിഗണിക്കുകയും തരംതിരിക്കുകയും വേണം. നികുതി വ്യവസ്ഥകളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുകയും ഇവ കൃത്യമായി നിര്‍വചിക്കുകയും വേണം. ക്രിപ്റ്റോകറന്‍സികള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ടി ഡി എസും ടി സി എസും ഈടാക്കുന്നത് പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്രിപ്റ്റോ കറന്‍സി മേഖലയെ ഇനിയും അവഗണിക്കാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നിക്ഷേപകര്‍ക്ക് പ്രതീക്ഷയേറുന്നത്. ഓഹരി, എണ്ണ, സ്വര്‍ണം മുതലായ പരമ്പരാഗത അസറ്റ് ക്ലാസുകളില്‍ ആഗോളതലത്തിലുള്ള നിക്ഷേപകര്‍ക്ക് 2008ലെ മാന്ദ്യത്തിന് ശേഷം വിശ്വാസം നഷ്ടപ്പെട്ടതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 18 മാസക്കാലയളവില്‍ ക്രിപ്റ്റോ കറന്‍സിയിലാണ് നിക്ഷേപകര്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിപ്റ്റോ നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാരിന് നീങ്ങാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണത്തിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!