ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Actor Dileep
കൊച്ചി: നടന്‍ ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. ദിലീപിനെ കണ്ട് മടങ്ങുമ്പോഴാണ് സലീഷ് അപകടത്തില്‍പ്പെട്ടതെന്ന് സഹോദരന്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കൊച്ചി റൂറല്‍ പൊലീസിന് ലഭിച്ച പരാതി ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.

ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷായിരുന്നെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. കറുകുറ്റി സ്വദേശിയായ സലീഷ് 2020 ഓഗസ്റ്റ് മാസം ഒരു കാറപകടത്തിലാണ് മരിച്ചത്. കാറോടിക്കുന്നതിനിടെ സലീഷ് ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നായിരുന്നു മുന്‍പ് അനുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടമരണമെന്ന് രേഖപ്പെടുത്തി കേസ് ക്ലോസ് ചെയ്യുകയായിരുന്നു. കേസിന്റെ തുടരന്വേഷണ സാധ്യത അറിയാന്‍ പൊലീസ് നിയമോപദേശം തേടിയേക്കും.

