തെലുങ്കാനയില്‍ ഒമ്പതാംക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തെലുങ്കാന: കരിംനഗര്‍ ജില്ലയില്‍ ഒമ്പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് നാടിനെ നെട്ടിച്ച സംഭവം. മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും നാലാമത്തയാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുതയാണ്. ലളിത (27),സുനിത (30), പരിയാങ് (32), എസ് ജ്യോതി (14) എന്നിവരാണ് മരിച്ചത്. ഇതിലൊരാളെ കാറിനും വൈദ്യുത തൂണിനുമിടയില്‍ കുടുങ്ങികിടക്കുന്ന നിലയിലായാണ് കണ്ടെത്തിയത്. ആടുകളെ വിറ്റും നടപ്പാതയില്‍ കത്തിയും മറ്റ് സാധനങ്ങളും വിറ്റ് കുടുംബം പോറ്റുന്നവരായിരുന്നു മരിച്ച നാല് സ്ത്രീകളും. വ്യവസായിയായ രാജേന്ദ്ര പ്രസാദിന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നു കരിംനഗര്‍ പൊലീസ് കമ്മീഷണര്‍ വി സത്യനാരായണ പറഞ്ഞു.

രാവിലെ ആറ് മണിക്ക് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടി 14 വയസുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാനായി സമീപത്തെ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടതായിരുന്നു. ഒരു ക്രോസ്റോഡിന് സമീപമെത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും സ്ത്രീകളുടെ മുകളിലൂടെ കയറിയിറങ്ങി വൈദ്യുത തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണത്തില്‍ കാര്‍ അമിത വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അപകടം നടന്നയുടനെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ഇവര്‍ കാര്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിരുന്നു. സ്റ്റേഡിയത്തിലേക്ക് പോകാനായി യു-ടേണ്‍ എടുക്കുമ്പോഴാണ് അപകടം നടന്നത്. പെട്രോള്‍ പമ്പിലെ സി സി ടി വി കാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രാദേശിക സമാധാന സമിതി അംഗം കൂടിയായ രാജേന്ദ്ര പ്രസാദ് തന്റെ മകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും കുറിച്ച് പൊലീസിന് വിവരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പതിനാറുകാരന്‍ മുമ്പും ഇതേ റോഡില്‍ വാഹനം ഓടിച്ചിട്ടുണ്ടെന്ന് കരിംനഗര്‍ പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അമിത വേഗതയുടെ പേരില്‍ നേരത്തെയും കാറിനെതിരെ പിഴ നല്‍കിയിട്ടുമുണ്ട്.
