ഒറ്റ ബ്ലോക്കിലുംപ്പെടാതെ ഇനി കോഴിക്കോട് നിന്ന് തിരുവന്തപുരത്ത് അതിവേഗം എത്താം

യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥലത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടെ കെഎസ്‌ആര്‍ടിസി പുതിയ പദ്ധതി ആരംഭിക്കുന്നു. സൂപ്പര്‍ക്ലാസ് ബൈപാസ് റൈഡര്‍ സര്‍വീസുകള്‍ ആണ് ആരംഭിക്കുന്നത്.

കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ഫെബ്രുവരി രണ്ടാംവാരത്തോടെ സര്‍വ്വീസ് ആരംഭിക്കുന്നത്. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസ് ബൈപാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.

വിവിധ ഡിപ്പോകളില്‍നിന്ന് ഇത്തരത്തില്‍ 39 ബസ് ഫീഡര്‍ സര്‍വീസായി ഓടിക്കാനാണ് തീരുമാനം. ബൈപാസ് റൈഡര്‍ സര്‍വീസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഫീഡര്‍ ബസുകളില്‍ യാത്ര സൗജന്യമായിരിക്കും.
ബൈപ്പാസുകള്‍ വഴി മാത്രം ഓടുന്നതിനാല്‍ കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ രണ്ട് മണിക്കൂറാണ് യാത്രാ സമയം ലാഭം.
കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ടാകും ബൈപ്പാസ് റൈഡര്‍ സര്‍വീസ് നടത്തുക. റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപാസുകളില്‍ മുഴുവന്‍ സമയ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തല ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്റ്റേഷന്‍, ചാലക്കുടിയില്‍ പുതിയ കോടതി ജഗ്ഷന്‍, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡര്‍ സ്റ്റേഷനുകള്‍.
നഗരങ്ങളിലെ പ്രധാന ഡിപ്പോകളില്‍നിന്ന് ഫീഡര്‍സ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാന്‍ ഫീഡര്‍ സര്‍വീസുകളുമുണ്ടാകും. ബൈപാസ് റൈഡര്‍ യാത്രക്കാര്‍ക്കായി അവര്‍ എത്തുന്ന ഡിപ്പോകളില്‍ വിശ്രമ സൗകര്യവും ഉറപ്പാക്കും. ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
