മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാനാവില്ല; കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍

കോഴിക്കോട്: മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാനാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ പുറം ലോകം അറിയരുതെന്ന ചിന്തയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും കൃത്യമായ വിശദീകരണം പോലും നല്‍കാതെ മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. സര്‍ക്കാറിനെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എക്കാലത്തും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം മാധ്യമ ലോകം അതിജീവിച്ചതാണ്. അറിയാനുള്ള സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രീതിയിലുള്ള ഭരണകൂട നീക്കങ്ങള്‍ പൊതു സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, ട്രഷറര്‍ ദാസ് വട്ടോളി, ഹാഷിം വടകര, പ്രശാന്ത് ഒളവണ്ണ, പി സി രാജേഷ്, ശരീഫ് കിനാലൂര്‍, സൈനുല്‍ ആബിദ് പുല്ലാളൂര്‍ എന്നിവര്‍ പങ്കെടുത്തു.

