ഗൂഢാലോചനക്കേസ്; 6 ഫോണുകളും ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകള്‍ കൈമാറിയത്. നാലാം നമ്പര്‍ ഫോണ്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഫോണുകള്‍ പരിശോധിക്കാനുള്ള ഏജന്‍സിയെ ഹൈക്കോടതി തീരുമാനിച്ചേക്കും.

ദിലീപ് ഫോണ്‍ കൈമാറാന്‍ തയാറാകാത്തതിന് പിന്നില്‍ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോണ്‍ നല്‍കിയാല്‍ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

