18 വര്‍ഷമായിട്ടും വീടുപണി പൂര്‍ത്തിയാക്കാനാകാതെ 90 കാരി

പയ്യോളി: സ്വന്തമായി വീടില്ലാതെ താര്‍പ്പാ വലിച്ചുകെട്ടിയ ഷെഡില്‍ ദുരിതജീവിതം തള്ളിനീക്കുന്ന 90 വയസ്സുകാരി. പയ്യോളി നഗരസഭയിലെ എട്ടാം ഡിവിഷനില്‍ താഴെകുന്നുംപുറത്ത് ലക്ഷ്മിയമ്മയും കുടുംബവുമാണ് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ വര്‍ഷങ്ങളായി കഴിയുന്നത്. മൂന്നര സെന്റ് ഭൂമിയില്‍ 18 വര്‍ഷം മുമ്പ് തുടങ്ങിയ വീടുനിര്‍മാണം സാമ്പത്തിക പ്രയാസം കാരണം മേല്‍ക്കൂര പണിയാന്‍ കഴിയാതെ നിര്‍ത്തിവെച്ചു. വീടുപണി പൂര്‍ത്തീകരിക്കാനായി നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലെന്ന് ലക്ഷ്മിയമ്മ പരാതിപ്പെടുന്നു.

ഭര്‍ത്താവ് മരിച്ച ഇവര്‍ ഏകമകളായ പത്മിനിക്കും ഭര്‍ത്താവിനുമൊപ്പം നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വര്‍ഷങ്ങളായി ഷെഡ്ഡ് കെട്ടിയാണ് താമസം. ജോലിക്ക് പോകാന്‍ കഴിയാതെ അസുഖബാധിതനായ മകളുടെ ഭര്‍ത്താവിനും പ്രത്യേകിച്ച് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്.
യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ മൂന്നംഗ കുടുംബത്തിന്റെ ജീവിതം ദുരിതപൂര്‍ണമാണ്. രാത്രി വിഷപ്പാമ്പുകള്‍ ഷെഡിനുള്ളിലേക്കു കയറുന്നത് പതിവാണ്. കുറ്റ്യാടി പുഴക്ക് സമീപത്തെ റോഡ് സൗകര്യം പോലുമില്ലാത്ത ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ കെട്ടിയുണ്ടാക്കിയ കൊച്ചുകൂരയില്‍ ഓരോ രാത്രിയും ഏറെ ഭീതിയോടെയാണ് കുടുംബം കഴിഞ്ഞു കൂടുന്നത്.

രണ്ടു മാസം മുമ്പുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് കൈയുടെ എല്ലുകള്‍ പൊട്ടി ലക്ഷ്മിയമ്മ കമ്പികളിട്ട് ഇപ്പോള്‍ കിടപ്പിലാണ്. കണ്ണടയും മുമ്പ് സ്വന്തം വീടിനുള്ളില്‍ ഒരു ദിവസമെങ്കിലും ഭീതിയില്ലാതെ കിടന്നുറങ്ങണമെന്നതാണ് ലക്ഷ്മിയമ്മയുടെ ആഗ്രഹം. സുമനസ്സുകള്‍ മുന്‍കൈയെടുത്താല്‍ ലക്ഷ്മിയുടെ ദുരിതജീവിതത്തിന് അറുതിവരുത്താന്‍ കഴിയുമെന്ന് കരുതുന്നു. സഹായത്തിനായി കെ പി മണി ചെയര്‍മാനായും കെ കെ പങ്കജാക്ഷന്‍ കണ്‍വീനറായും നാട്ടുകാര്‍ വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് പയ്യോളി എസ് ബി ഐ ശാഖയില്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40718237121. ഐ എഫ് എസ് സി കോഡ്: SBIN17242.
