18 കാരിയെ ബലാത്സംഗം ചെയ്തും ക്രൂരമായി മര്‍ദ്ദിച്ചും ആനന്ദിച്ചു; ചോരയൊലിപ്പിച്ച ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അറസ്റ്റ്; ഒരു കൊടും ക്രൂരതയുടെ കഥ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം മേസണ്‍ ഗ്രീന്‍വുഡ് തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രങ്ങളുമായി കഴിഞ്ഞദിവസമാണ് ഹാരിയറ്റ് റോബ്സണ്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട യുവതി, മേസണ്‍ തന്നെ അസഭ്യം പറഞ്ഞു എന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്. മേസണ്‍ ഗ്രീന്‍വുഡിന്റെ മുന്‍ വനിതാ സുഹൃത്തുകൂടിയായ ഈ യുവതി പറയുന്നത് മേസന്റെ മര്‍ദ്ദനത്തിലാണ് തനിക്ക് പരിക്കേറ്റത് എന്നാണ്.

ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മേസണ്‍ ഗ്രീന്‍വുഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഈ ഫുട്ബോള്‍ താരത്തെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. ഇപ്പോള്‍ ഈ 20 കാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോയും പ്രചരിക്കാന്‍ തുടങ്ങിയതോടെ ഗ്രീന്‍വുഡിന്റെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ക്ലബ്ബ് അന്വേഷണം ആരംഭിച്ചതായി ക്ലബ്ബ് വക്താക്കള്‍ അറിയിച്ചിരുന്നു.

അതേസമയം ആരോപണവുമായി രംഗത്തെത്തിയ ഹാരിയറ്റ് റോബ്സണ്‍ എന്ന 18 കാരിയായ വിദ്യാര്‍ത്ഥിനിയെ പൊലീസുകാര്‍ അവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു 20 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു. ചെഷയറിലെ ബോഡോണ്‍ വില്ലേജിലുള്ള ഗ്രീന്‍വുഡിന്റെ വീട്ടില്‍ ഇന്നലെ ഫൊറന്‍സിക് വിദഗ്ദരും പരിശോധന നടത്തി.
അതേസമയം, കടുത്ത ആരോപണങ്ങളുമായി എത്തിയ പോസ്റ്റുകള്‍ യുവതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. തന്റെ മകളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നായിരുന്നു അവരുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
തന്റെ മകള്‍ക്ക് സംഭവിച്ചകാര്യങ്ങളില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച അദ്ദേഹം ഇപ്പോള്‍ അവര്‍ സുരക്ഷിതയാണെന്നും അറിയിച്ചിട്ടുണ്ട്. നിരവധി വനിതാ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
