NAATTUVAARTHA

NEWS PORTAL

മാപ്പ് പറഞ്ഞ് തടിയൂരി; നഷ്ടപരിഹാരം നല്‍ക്കുമെന്ന് ചെക്കന്റെ വീട്ടുകാര്‍

വാണിമേല്‍: പെണ്ണുകാണാന്‍ വന്ന ചെറുക്കന്‍ വീട്ടുകാരുടെ ഇന്റര്‍വ്യൂ മണിക്കൂറുകളോളം നീണ്ടതോടെ യുവതി അവശയായി ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ ചെക്കന്റെ വീട്ടുകാര്‍ മാപ്പ് നല്‍കി തടിയൂരി. നഷ്ടപരിഹാരം നല്‍കുമെന്ന് ചെക്കന്റെ വീട്ടുകാര്‍ പറഞ്ഞു. ഇന്ന് നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് വിഷയം ഒത്തു തീര്‍പ്പാക്കിയത്. കഴിഞ്ഞ ദിവസം നാദാപുരം വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്തായിരുന്നു സംഭവം.

ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടില്‍ നിന്ന് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം പെണ്‍വീട്ടിലെത്തിയതും പെണ്‍കുട്ടി അവശയായി വീണതും. അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ചെക്കന്റെ വീട്ടുകാര്‍ മാപ്പ് പറയുകയും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

ചെക്കന്റെ വീട്ടില്‍ നിന്നെത്തിയ സംഘം പരിചയപ്പെടാന്‍ എന്ന പേരില്‍ യുവതിയെയും കൂട്ടി ഒരു മുറിയില്‍ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം നീണ്ട ചെറുക്കന്‍ വീട്ടുകാരുടെ ഇന്റര്‍വ്യൂവില്‍ മാനസ്സികമായി തളര്‍ന്നുപോയ യുവതി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണുകാണാനെത്തിയത്. ബിരുദ വിദ്യാര്‍ഥിയായ യുവതിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂ ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ഇവര്‍ വീട്ടില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒന്നുകൂടി ആലോചിക്കണമെന്ന് ചെറുക്കന്റെ ബന്ധുക്കള്‍ പെണ്‍വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം കൂടുതല്‍ വഷളായത്.

യുവതിയുടെ ബന്ധുക്കള്‍ പുരുഷന്മാരെയും അവരുടെ വാഹനവും തടഞ്ഞുവെച്ചു. മകളുടെ അവസ്ഥയും ബന്ധുക്കളുടെ നിലപാടും കണ്ടതോടെ ദേഷ്യം വന്ന യുവതിയുടെ പിതാവ് വീടിന്റെ ഗേറ്റ് അടയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ സ്ത്രീകളെ വിട്ടയച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരെ രണ്ടു മണിക്കൂറോളം വീട്ടില്‍ തടഞ്ഞുവച്ചു. സംഘമെത്തിയ കാറുകളിലൊന്നും തടഞ്ഞുവച്ചു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ രംഗം ശാന്തമായത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!