നാല് മേഖലകളിൽ ഊന്നൽ; 2022–23 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി


ന്യൂഡല്‍ഹി: നാല് മേഖലകളില്‍ ഊന്നല്‍ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ 2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായി. ഒന്നര മണിക്കൂര്‍ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം. പി എം ഗതി ശക്തിയെന്ന വമ്പന്‍ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തില്‍ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പില്‍ ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്. എന്‍ പി എസിനായുള്ള നികുതി ഇളവിന്റെ പരിധി 14 ശതമാനം വരെയായി ഉയര്‍ത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. മുന്‍പ് 10 ശതമാനമായിരുന്ന പരിധിയാണ് ഈ നിലയിലേക്ക് ഉയര്‍ത്തിയത്. സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെര്‍ച്വല്‍, ഡി ജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ആസ്തികള്‍ ആര്‍ജിക്കാനുള്ള ചെലവുമായി ബന്ധപ്പെട്ട് നികുതി ഇളവ് ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സഹകരണ സൊസൈറ്റികളുടെ നികുതി 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.
ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും. സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.
കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. വായപ പലിശ രഹിതമായിരിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം. കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും. കേന്ദ്ര വിഹിതത്തിന് പുറമെ അധികസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.

